• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

"വിരഹത്തിന്റെ ആജീവനാന്ത പൗരത്വം"

Galaxystar

Favoured Frenzy
ഭൂമിയാകെ തിരഞ്ഞ് തിരഞ്ഞ്
കടലുകൾ താണ്ടിത്താണ്ടി
നാം കണ്ടെത്തും വരെ
അതൊരു അജ്ഞാത ദേശമാണ്
കരയ്ക്കിറങ്ങിയാൽ
കപ്പൽ തിരിച്ചു പോകും
പിന്നെ മടക്കയാത്രയില്ല
അതുവരെ നാം കാണാത്ത
പക്ഷികളുടെ ആകാശമുണ്ടവിടെ
തൂവലുകൾ കോർത്തുണ്ടാക്കിയ
മേഘമാലകൾ പോലെ
പല പല നിറങ്ങളാണ് മഴയ്ക്ക്
ഓരോ തുള്ളിയിലും
ഓരോ പക്ഷികൾ ചിറകടിക്കും
പ്രാവുകളുടെ പ്രഭാതം
പരുന്തുകളുടെ നട്ടുച്ച
തത്തകളുടെ മദ്ധ്യാഹ്നം
ദേശാടനക്കിളികളുടെ സന്ധ്യകൾ
കാക്കകളുടെ രാത്രി
തൊട്ടാവാടിക്കാടുകൾ
തിങ്ങി വളർന്ന അതിരുകൾ
മുഖം കറുപ്പിച്ചും ചുവപ്പിച്ചുമൊഴുകുന്ന
പുഴകൾ
അതൊരു
മാതൃഭാഷയില്ലാത്ത രാജ്യമാണ്
ഓരോ നേരം
ഓരോ ഭാഷയാണവിടെ
പൊട്ടിച്ചിരിക്കുമ്പോൾ
കാട്ടാറിന്റെ
കെറുവിക്കുമ്പോൾ
പെയ്യാത്ത മഴയുടെ
കോപച്ചൂടിൽ ചുട്ടുപഴുക്കുമ്പോൾ
ചങ്ങല പൊട്ടിച്ച തിരയുടെ
ചുണ്ടുകൾ കോർക്കുമ്പോൾ
മുടിയഴിച്ചിട്ട കാറ്റിന്റെ
മാറിലമരുമ്പോൾ
മഞ്ഞു പുതച്ച മരങ്ങളുടെ
ഓരോ നിശ്വാസത്തിനുമുണ്ട്
ഭാഷയുടെ സ്വരവ്യതിയാനങ്ങൾ
ചിലപ്പോൾ പൂക്കൾ നിറച്ച
ഒരു തീവണ്ടിക്കുതിപ്പുപോലെ
ഏകാന്തതയുടെ പാലം
മുറിച്ചു കടക്കുന്ന ഒറ്റയായൊരു
കാലടിത്തേങ്ങൽ പോലെ
പല നിറങ്ങളിലുള്ള
രാത്രികളാണവിടെ
മോന്തിക്ക് ചെമ്പരത്തി ചോക്കും
സർപ്പഫണം പോലെ മിന്നും
അന്തിപ്പാതിര
ദ്രംഷ്ട മുളച്ച നിലാവ്
മുറിവേല്പിക്കും
നിദ്രയിലേക്ക്
വിഷ ചഷകമായ് തുളുമ്പും
രാവിന്റെ വഴുവഴുപ്പുള്ള ഉടൽ
പകലിലേക്ക് തിരികെട്ടു വീണ
പാനീസിന്റെ കരിപിടിച്ച ചില്ല്
കണ്ടാലുടനെ
ചുറ്റിപ്പടരുന്ന പൂവള്ളികളുണ്ട്
ഹൃദയമുദ്ര പതിഞ്ഞ ഇലകളുണ്ട്
വേരുകളിൽ പൂക്കുന്ന ഇതളുകളുണ്ട്
നിദ്രയിലേക്ക് ഇഴഞ്ഞു വന്ന്
കൊത്തിപ്പറിക്കുന്ന
ഇഴജന്തുക്കളുണ്ട്
ഒരു കൈയ്യാൽ തുന്നിച്ചേർക്കുന്ന
മറു കൈയ്യാൽ ഇഴയടർത്തുന്ന
മുന കൂർത്ത സൂചികളുണ്ട്
ജാലകമടച്ചു കളഞ്ഞ്
ഇനിയും വന്നില്ലല്ലോയെന്ന്
മഴയോട് കെറുവിക്കുന്ന കാറ്റുണ്ട്
പറന്നിറങ്ങിയാൽ
ചിറകുകൾ പറിച്ചെടുക്കും
കൂടുപോലുള്ളൊരു രാജ്യമാണ്
വിരഹത്തിന്റെ
ആജീവനാന്ത പൗരത്വം കിട്ടും
കിനാവിന്റെ ഖബറിടത്തിൽ
അഭയാർത്ഥിയായി അന്തിയുറങ്ങാം
നാലതിരുകളിൽ
ഹൃദയനോവിന്റെ മിടിപ്പുകൾ
കാവൽ നിൽക്കുന്ന
ആ രാജ്യത്തിന്റെ പേരെന്താണ്...?
FB_IMG_1758259083264.jpg
 
Top