• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അപൂർവ്വം ചിലർ...!

kadal

Epic Legend
Chat Pro User
.
ഒരുപാട് അപരിചിതർ വന്നുപോകുന്ന ഒരു ഇടമാണിത്. പേരോ മുഖമോ ഇല്ലാത്ത കുറെ മനുഷ്യർ. ആർക്കും ആരെയും അറിയില്ല. പലരും വെറുതെ വരുന്നു, പോകുന്നു; നമ്മൾ അവരെ ഓർക്കാറുപോലുമില്ല. എന്നാൽ അവർക്കിടയിൽ, ഒരു വാക്കുപോലും മിണ്ടാതെ തന്നെ നമ്മുടെ മനസ്സ് കൃത്യമായി വായിക്കുന്ന ചിലരെ നമ്മൾ കണ്ടുമുട്ടും.
അങ്ങനെ അപൂർവ്വം ചിലരെ ഞാനും കണ്ടുമുട്ടിയിട്ടുണ്ട്... എനിക്ക് തീർത്തും അപരിചിതരായ ചിലർ. വലിയ അടുപ്പമോ മുൻപരിചയമോ ഇല്ലാതെ എന്റെ ലോകത്തേക്ക് കടന്നു വന്നവർ. ഞാൻ ആരെന്നോ, അവർ ആരെന്നോ പരസ്പരം അറിയില്ല. എന്നാൽ ഞാൻ പറയാതെ പോയ എന്റെ ചിന്തകളും, ഞാൻ സ്വകാര്യമായി കൊണ്ടുനടന്ന എന്റെ അനുഭവങ്ങളും ഇഷ്ടങ്ങളും അവർ അക്ഷരങ്ങളായും ചിത്രങ്ങളായും ഇവിടെ വരച്ചുവെക്കുന്നത് കാണുമ്പോൾ അവർ എന്റെ ഹൃദയം വായിക്കുകയാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ആദ്യമൊക്കെ അതൊരു വെറും യാദൃശ്ചികതയായി ഞാൻ തള്ളിക്കളഞ്ഞു. എന്നാൽ ഒരേ അത്ഭുതം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ, അത് യാദൃശ്ചികതകൾക്കും അപ്പുറമുള്ള ഏതോ മനോഹരമായ നിമിത്തമാണെന്ന് ഞാൻ തിരിച്ചറിയുന്നു... അപ്പോഴാണ്, ഞാൻ അവരെ ശരിക്കും ശ്രദ്ധിച്ചുതുടങ്ങുന്നത്.
ഇതവരോട് പറയാൻ പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, അവരുമായി അടുക്കാൻ വേണ്ടി ഞാൻ മനഃപൂർവ്വം കെട്ടിച്ചമച്ചൊരു കഥയായി അവർ കരുതുമോ എന്ന തോന്നൽ എന്നെ പിന്തിരിപ്പിക്കും. എങ്കിലും, ഞാൻ പറഞാൽ അവർക്ക് കൂടി വിശ്വാസം ആവും എന്ന ഒരു ഘട്ടം വരുമ്പോൾ ഞാൻ പറഞ്ഞിട്ടുമുണ്ട്. അവരത് ഏത് അർത്ഥത്തിലാണ് ഉൾക്കൊണ്ടതെന്ന് എനിക്കിന്നുമറിയില്ല. സത്യത്തിൽ, അവരെക്കുറിച്ച് കൂടുതൽ അറിയാനോ സംസാരിക്കാനോ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല. എന്റെ സ്വകാര്യത എനിക്ക് അത്രമേൽ വിലപ്പെട്ടതുകൊണ്ടാകാം, അല്ലെങ്കിൽ അവരെ പൂർണ്ണമായി അറിഞ്ഞുകഴിഞ്ഞാൽ, ഇതുവരെ അവരോടുണ്ടായിരുന്ന ആ കൗതുകം എന്നെന്നേക്കുമായി നഷ്ടപ്പെട്ടാലോ എന്ന ആശങ്ക കൊണ്ടുമാകാം ഞാൻ ഒരു അകലം എപ്പോഴും സൂക്ഷിച്ചത്. ചില ബന്ധങ്ങൾ ദൂരെ നിന്നാൽ മാത്രമേ മനോഹരമായി നിലനിൽക്കൂ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നിരുന്നാലും, അവരുടെ അസാന്നിധ്യം ചിലപ്പോഴൊക്കെ എന്നെ അലോസരപ്പെടുത്താറുണ്ട്. അവർ അറിയാതെ എനിക്ക് സമ്മാനിച്ചിരുന്ന ആ ചെറിയ ചെറിയ അത്ഭുത നിമിഷങ്ങൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ, ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടും. എങ്കിലും ഞാൻ അവരെ തേടിപ്പോകാറില്ല. അതിന്റെ ആവശ്യമില്ലെന്ന് തോന്നും. കാരണം, തികച്ചും അപ്രതീക്ഷിതമായി പുതിയ അത്ഭുതങ്ങളുമായി അവർ വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് എനിക്കറിയാം. അപ്പോഴെല്ലാം, അവർ എന്നെ ഒരിക്കലും പൂർണമായി വിട്ടുപോകില്ലെന്നൊരു വിചിത്രമായ വിശ്വാസം എന്നിൽ കൂടുതൽ ദൃഢമാകും.
ഈ വിശ്വാസം ശക്തമാകുമ്പോൾ ഞാൻ വെറുതെ ആലോചിക്കാറുണ്ട്... ഇവർ ശരിക്കും അപരിചിതരാണോ? അതോ എന്റെ യഥാർത്ഥ ജീവിതവുമായി ഇവർക്ക് വല്ല ബന്ധവുമുണ്ടാകുമോ? എന്റെ ഉറ്റ സുഹൃത്തുക്കളോ ബന്ധുക്കളോ ആണോ? അല്ലെന്ന് ഉറപ്പിച്ചു പറയാൻ എനിക്കിപ്പോഴും കഴിയുന്നില്ല. ഇനി ഇവരല്ലെങ്കിൽ, എന്റെ ജീവിതയാത്രയിൽ എപ്പോഴെങ്കിലും ഞാൻ കണ്ടുമുട്ടിയ, മുഖംപോലും ഓർമ്മയില്ലാത്ത അപരിചിതരാകുമോ ഇവർ? ഒരു ദീർഘദൂര ബസ് യാത്രയിൽ എന്റെ അടുത്തിരുന്ന സഹയാത്രികൻ... ഒരിക്കൽ ഏതോ ഹോട്ടലിൽ എനിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ഒരാൾ... വഴിയരികിൽ ഒരിക്കൽ കണ്ണുടക്കിയ ഒരപരിചിതൻ... അതുമല്ലെങ്കിൽ, ഇനിയുള്ള കാലത്ത് എന്റെ ജീവിതത്തിലേക്ക് കടന്നുവരാനിരിക്കുന്നവരാകുമോ? ഇതൊന്നുമല്ലെങ്കിൽ, എന്റെ ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധ്യതയില്ലാത്ത ഇവർ, എന്തിനാണ് ഒരു നിമിത്തം പോലെ എന്റെ ചിന്തകളെ ഇങ്ങനെ തൊട്ടുണർത്തുന്നത്? മുഖങ്ങൾ മറന്നുപോയാലും, ആത്മാക്കൾ എവിടെയോ പരസ്പരം ഓർത്തുവയ്ക്കുന്നുണ്ടോ എന്ന് പോലും ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്.
ഉത്തരം എനിക്കറിയില്ല. അറിയാനും വലിയ ആഗ്രഹമില്ല. ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ തന്നെ മനോഹരമാണ്. ചില മനുഷ്യർ പേരില്ലാതെ തന്നെ പ്രിയപ്പെട്ടവരാകുന്നു. അവർ എന്റെ ജീവിതത്തിൽ എന്താണ് എന്നെനിക്ക് ഇന്നും അറിയില്ല. പക്ഷേ അവർ അറിയാതെ എനിക്ക് സമ്മാനിക്കുന്ന ആ ചെറിയ ചെറിയ മനോഹര നിമിഷങ്ങളാണ് ഇന്നും ഈ ലോകത്ത് അപരിചിതരിലും എന്തോ ഒരു സൗന്ദര്യമുണ്ടെന്ന് എന്നെ വിശ്വസിപ്പിക്കുന്നത്. ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്കിടയിലും എനിക്കൊരു കാര്യത്തിൽ ഉറപ്പുണ്ട്. അവർ ഇനിയും എനിക്കായി ഇത്തരം മനോഹര നിമിഷങ്ങൾ കരുതിവെക്കും. ഒരുപക്ഷേ, അപരിചിതരായ അവരിൽ നിന്നുള്ള ഈ നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പും, അവസാനിക്കാത്ത എൻ്റെ ഈ കൗതുകവുമായിരിക്കാം എന്നെ ഈ മായാലോകത്ത് ഇപ്പോഴും ചേർത്തുനിർത്തുന്നത്.
.
5ed49815-343b-44e5-a90f-b42f314316f0.jpeg
 
Top