Galaxystar
Favoured Frenzy
വഴികൾ പിരിയുന്നതിൻ മുൻപേ
നാം ഒരുമിച്ചു നടന്ന പാതകളോർക്കുന്നുവോ
സ്മരണകളുണ്ടാവേണം
ദീർഘ ദൂരങ്ങൾ പിന്നിട്ടു പോയെന്നിരിക്കിലും
അന്നു നുണഞ്ഞ മധുരനാരങ്ങകൾക്കെത്ര പുളിപ്പും,
മധുരവുമുണ്ടായിരുന്നെന്നതും
കൊച്ചു കൗതുകത്തിന്റെ
മിഴിമറയ്ക്കുള്ളിൽ വസന്തങ്ങൾ വച്ചതും
അതിലൊരു പനിനീർച്ചെടി നട്ടു
വെള്ളമെത്ര കോരിയൊഴിച്ചതും
കായസ്ക്കരച്ചുവ ലേശമേല്ക്കാതെ
കാലുഷ്യമില്ലാതൊരു നിള
നമ്മിലേയ്ക്കൊഴുകി നിന്നതും
സ്വപ്നങ്ങളുണ്ടായിരുന്നതും
ജീവിതഗന്ധികൾ
നനുത്തു മണത്തു നിന്നതും
നമ്മിൽ നിന്നന്നോന്യം
ദൂരങ്ങളൊട്ടുമേ ഇല്ലാതിരുന്നതും
കൈമാറിയും, കൈയ്യേറ്റു വാങ്ങിയും
ഒരു കാറ്റുവന്നാല്ക്കൂടി
നാം ഒരുമിച്ചതേറ്റതും
പരിഭവം നടിച്ചതേയുള്ളൂ
നാം ഉള്ളാലകന്നതേയില്ല
ഒളിക്കുവാനൊന്നുമുണ്ടായിരുന്നില്ല
കൈകൾ നീട്ടിത്തുറന്നിരുന്നു.
പിന്നെവിടെയോ വഴികൾ
പിരിഞ്ഞുപോയ്
നടന്നുനാം പിന്നെത്രയോ
തനിയേ നടക്കുവാൻ ശീലമായീ.
പിന്നെപ്പറഞ്ഞവ തന്നോടുതന്നെ
കണ്ടവയൊക്കെ വെറും
ആൾക്കൂട്ടമാകവേ.
നിറയെ ആളുകൾ,
ഒരുമിച്ചു നടക്കിലും
വഴികളോരോന്നു വേറിട്ടു നിനച്ചവർ
തിരക്കിൽ കണ്ടു വെറും
ഉപചാരവാക്കുകൾ ചൊല്ലിക്കടന്നവർ
ദു:ഖങ്ങളിൽക്കണ്ടു
നോക്കിനിന്നു വെറുതേയകന്നവർ.
നിലാവും മഴയും
ഉള്ളിലെ സങ്കല്പത്തിൽ പെയ്യിച്ചു
നനയാൻ ശ്രമിച്ചനാൾ.
ഇന്നിത്ര ദൂരമെത്തിനില്ക്കുമ്പോൾ
വെറുമൊരു രസത്തിനായ്
നമ്മുടെ പഴയ വഴിയിലൂടൊന്നു
നടക്കാനിറങ്ങവേ
പഴയ ആ കാറ്റെങ്ങാണുമുണ്ടോ
പഴയവഴിയിൽ തിരിച്ചറിയും
മുഖങ്ങളെങ്ങാനുമൊന്നുണ്ടോ
അന്നു വഴിയിൽ തണൽവിരിച്ച
ചോലകൾ ഒന്നേലുമുണ്ടോ
നാം പറഞ്ഞു തീർക്കാതെപോയ
രസക്കുമിളയിലൊന്നെങ്കിലും
ഇന്നും പൊട്ടാതെ ഒരു നനുത്ത
ഇലത്തുമ്പിൽ തങ്ങി നില്പുണ്ടോ !
അറിയില്ല ദൂരങ്ങളേറെ
താണ്ടിയവലല്ലേ നമ്മൾ.
