ആദ്യം ഉണ്ടായിരുന്ന മാനസീകാവസ്ഥ ആകാംക്ഷയും ഉൽകണ്ഠയും നിറഞ്ഞതായിരുന്നു. പണി തീരാത്ത വലിയ രണ്ടു നില ഭവനം. കാണുന്ന ഭാഗത്തെല്ലാം പണികൾ തീർത്തു വച്ചിട്ടുണ്ട്. എല്ലാം തീർന്നാൽ ആരും നോക്കി നിന്നുപോകുന്ന അർഭാട കെട്ടിടം ആയിരുന്നു . വീടിന്റെ മൂന്നു ഭാഗത്തേക്കും വ്യാപിച്ചു കിടക്കുന്ന പൂമുഖം.. അവിടെ ഇരുന്നാൽ പുഴയോരം കാണാം.. മേഖപാളികളാൽ മൂടപെട്ട് കിടക്കുന്ന മലനിരകൾ. അതിനിടയിലൂടെ ഒരു സർപ്പം ഇഴയുന്ന കണക്കെ ഒഴുകുന്ന പുഴ. അങ്ങിങ്ങായി മരങ്ങളാൽ കാട് പിടിച്ചപോലെ. പുഴയോരത്തു വീശുന്ന മന്ദമാരുതൻ ഇവിടം തലോടി പോകാറുണ്ട്. പതിയെ കാഴ്ചകളുടെ ഭംഗി നഷ്ടപ്പെടാൻ തുടങ്ങി. സമയങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു. റോഡിന്റെ വലതു വശത്തെ ആൽമരം വീടിന്റെ തലയോട് കിടപിടിച്ചു നില്കുന്നതായിരുന്നു.കെട്ടുകഥകളിലെ തോന്നലുകളിൽ വൈകുന്നേരങ്ങളിൽ ആ ആൽമരത്തിൽ യക്ഷികൾ ഇലമറവിലൂടെ തന്നെ ഉറ്റുനോക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പുറത്തെ ഭദ്രകാളി ക്ഷേത്രത്തിലെ സംഗീതം ആ കാഴ്ച്ചക്ക് മാറ്റൊലി കൂട്ടിയിരുന്നു.എന്നാൽ അതിനേക്കാൾ എന്നെ കാണാൻ പ്രേരിപ്പിച്ചിരുന്നത് പുറകു വശത്തെ നിരന്നു നിൽക്കുന്ന അമ്പരചുംബികളായ ഒറ്റപ്പനകൾക്ക് താഴെ ഉള്ള കുളമായിരുന്നു. മഴ പെയ്യുമ്പോൾ മണ്ണിടിച്ചലിനു സാധ്യത ഏറിയ ഇടമായതിനാൽ അവിടെ നിൽക്കുന്നതിൽ എതിർപ്പുകൾ പ്രകടമായിരുന്നു. പക്ഷെ എന്നിലെ ചിന്തകളോടുള്ള അമിതമായ അഭിനിവേശം കാഴ്ചകൾക്ക് നിറങ്ങളേകിയിരുന്നു.മേഘത്തിലെ ചുവപ്പ് നീങ്ങുമ്പോൾ ഈ അന്തരീക്ഷം എന്നിൽ ഏകാന്തതയുടെ വിത്ത് പാകിയിരുന്നു. ഇതിനകത്തെ നിശബ്ദത എന്നെ കൂടുതൽ വീർപ്പു മുട്ടിച്ചു. പക്ഷെ കാലങ്ങൾ കാത്തു വെച്ച ജീവിതാനുഭവങ്ങൾ എന്നെ ആ ചുറ്റുപാടിനെ പ്രണയിക്കാൻ പ്രേരിപ്പിച്ചു. പതിയെ ആ നിശബ്ദതയിൽ ഞാൻ അലിഞ്ഞു ചേർന്നിരുന്നു.. എന്റെ കണ്ണിലൂടെ നോക്കിക്കാണുമ്പോൾ ഇവിടം ആണ് എന്നെ പിടിച്ചുലച്ചത്.. എന്നിലെ മാറ്റങ്ങൾക്ക് അടിത്തറ പാകിയതും ഇവിടം ആണ്..
