• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ശലഭങ്ങൾ

Galaxystar

Favoured Frenzy
വർഷത്തിലൊരുനാൾ നഗരത്തിൽ
വർണ്ണങ്ങളുടെ വസന്തം
വിരുന്ന് വരും.
വർണ്ണങ്ങൾ നഗരത്തിൽ
പെയ്തിറങ്ങും.
നഗരവാസികൾ വർണ്ണശലഭങ്ങളായി,
പാറി നടക്കും.
അപരിചിതത്വത്തിന്റെ സീമകൾ
മാഞ്ഞു പോകും.
മൈത്രിയുടെ ഒരായിരം
ചിറകുകൾ മുളയ്ക്കും.
വിദൂരനഗരത്തിൽ നിന്ന്
വർണ്ണങ്ങളിലാറാടി
അവൻ പാറിപ്പറന്ന് വരും.
വിടർന്ന കണ്ണുകളുമായി
വർണ്ണങ്ങളിൽ നീരാടി
അവൾ അവനെ കാത്ത്
വർണ്ണശലഭമായി പാറി നടക്കും.
വർണ്ണങ്ങളിലാറാടി വരുന്നവൻ
അവളിലേക്ക് ഒരു
വർണ്ണശലഭമായണഞ്ഞ്
അവളെ ആലിംഗനത്തിൽ ബന്ധിയ്ക്കും.
അവർ വർണ്ണശലഭങ്ങളായി
നഗരത്തെരുവുകളിൽ
ആനന്ദനർത്തനമാടും.
നഗരത്തെരുവുകളിൽ
ഒരായിരം ജോഡികൾ
പരസ്പരം വാരിപ്പുണർന്ന്
അവരുടെ നൃത്തത്തിൽ പങ്കാളികളാകും.
നിറങ്ങൾ അന്നേ ദിവസം
നഗരത്തിൽ
പെയ്ത്കൊണ്ടേയിരിക്കും.
വർണ്ണോത്സവനാൾ അവൾ
അവനുമായി മധുരം പങ്കിടും.
വർണ്ണശലഭങ്ങൾ പരസ്പരം
മധുരം നുകരും.
നഗരം വർണ്ണോത്സവലഹരിയിൽ
കോരിത്തരിക്കും.
നിമിഷങ്ങളുടെ ദളങ്ങൾ
നിറങ്ങളോടൊപ്പം
ആരോരുമറിയാതെ കൊഴിഞ്ഞുവീഴും.
നഗരത്തിൽ
സന്ധ്യ മയങ്ങി രാവാവും.
വർണ്ണോത്സനടനങ്ങൾ
ഉച്ചസ്ഥായിയിൽ നിന്ന്
മെല്ലെ മെല്ലെ
മന്ദ്രസ്ഥായിയിലെത്തി
ഒരു സ്വകാര്യമായി നിലയ്ക്കും.
അവൻ അവളോട്
യാത്രാമൊഴി ചൊല്ലി
വിദൂരനഗരത്തിലേയ്ക്ക്
തിരിച്ച് പോകും.
നഗരം വിധുരയായ കാമുകിയാകും.
അപരിചിതത്വം വീണ്ടും
നഗരത്തിൽ
കൊടിയേറ്റ് നടത്തും.
ഊഷരതയുടെ നഗരത്തിനുമേൽ
സൂര്യൻ കനലുകൾ വർഷിയ്ക്കും.
അടുത്ത വർണ്ണോത്സവത്തിനായി
നഗരം കാതോർത്ത്,
കണ്ണോർത്ത്
കാത്തിരിപ്പാരംഭിയ്ക്കും...
 
Top